ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
പ്രകൃതിയുടെ ലാവണ്യത്തിൽ കുളിച്ചു നിൽക്കുന്ന അഷ്ടമുടിക്കായലിന്റെ റാണി- തെക്കുംഭാഗം ഗ്രാമം. തേവലക്കര, ചവറ, നീണ്ടകര പഞ്ചായത്തുകൾ അതിരുകളായ ഈ ചെറു ദ്വീപിലെ ജനസംഖ്യ 16937 ഉം കരവിസ്തീർണം 5.22 ച.കിലോമീറ്ററും ആണ്.
കൊല്ലം ജില്ലാ പഞ്ചായത്തിലും ചവറ ബ്ലോക്ക് പഞ്ചായത്തിലും ഉൾപ്പെട്ട തെക്കുംഭാഗം ഗ്രാമപഞ്ചായത്ത്, കരുനാഗപ്പള്ളി താലൂക്കിന്റെ തെക്കേ അതിരായി നിലകൊള്ളുന്നു. പുരാവൃത്തങ്ങളിൽ ഇവിടം ‘മാമുകിൽ’ ആണ്. ‘മഹാലക്ഷ്മി മുകിൽ’ എന്ന പേരിൽ ആദികാലത്ത് അറിയപ്പെട്ടിരുന്ന ഇവിടം കാലക്രമത്തിൽ മഹാമുകിൽ ആകുകയും ഉച്ചാരണം ലോപിച്ച് മാമുകിൽ ആകുകയും ചെയ്തതായിട്ടാണ് നാട്ടറിവ്. ഭൂമി ശാസ്ത്രപരമായിപ്പോലും പുറം ലോകങ്ങളിൽ നിന്നൊറ്റപ്പെട്ട് വിശാലമായ കായൽപരപ്പിൽ ഉയർന്നു നിൽക്കുന്നതായിരുന്നു ഈ മൺതുരുത്ത്.
ചരിത്രപരമായി ചവറയുടെ ഭാഗമായിരുന്ന ഗ്രാമത്തെ മാധവരായർ എന്ന ദിവാൻ പാവുമ്പാ തോടും പാലവും നിർമ്മിച്ചു വേർതിരിച്ചതിനാൽ തെക്കുംഭാഗം ആയി. ഇന്നത്തേതുപോലെ വാഹന ഗതാഗതം ഇല്ലാതിരുന്ന കാലത്ത് ചരക്കുഗതാഗതത്തിന് വള്ളങ്ങൾ ആയിരുന്നു നിലവിലുണ്ടായിരുന്നത്. തെക്കുംഭാഗത്തിന്റെ കിഴക്കൻ നാടുകളിൽ നിന്നും ആലപ്പുഴയിലേക്ക് ചരക്കു കയറ്റിപോയിരുന്ന വള്ളങ്ങൾക്കുള്ള യാത്രാദൂരം കുറയ്ക്കുവാനായിട്ടാണ് തെക്കുംഭാഗത്തിന്റെ വടക്കുഭാഗമായ പാവുമ്പയിൽ തോട് നിർമ്മിച്ചത്.
മത്സ്യബന്ധനവും, കൃഷിയും, കയർ ഉല്പ്പാദനവും ജീവിതോപാധികളായി സ്വീകരിച്ചിരുന്ന ഒരു ജനത, അവർ തികച്ചും വ്യതിരിക്തമായ ഒരു സംസ്ക്കാരത്തെ സൃഷ്ടിച്ചു. ആദ്ധ്വാനത്തിലൂടെയും സംഘബോധത്തിലൂടെയും സമരങ്ങളിലൂടെയും ഇവിടെ ജീവിതം ശാപങ്ങളെ അതിജീവിച്ച് പുഷ്ക്കലമായി.
രാജഭരണത്തിന്റേയും ജന്മിത്വത്തിന്റേയും നാളുകളിൽ തന്നെ ഇവിടെ വികസനത്തിന്റെ പ്രകാശം വീണിട്ടുണ്ട്. തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധമുള്ള എട്ടരയോഗത്തിലെ അരയോഗക്കാരായ അഴകത്ത് ജന്മികുടുംബം ഈ ഗ്രാമത്തിലായിരുന്നതാകാം അതിനൊരു കാരണം. വേലുത്തമ്പി ദളവയുടെ പലപടനിലങ്ങളും ഒളിത്താവളങ്ങളിനൊന്നായ ദളവാപുരവും ഈ ഗ്രാമത്തിന്റെ ഭാഗമാണ്.
ഹിന്ദു, ക്രൈസ്തവ മതവിശ്വാസികളാണ് ഇവിടുത്തെ ജനങ്ങൾ. ക്രിസ്തുമത പ്രചാരകരുടെ ആദ്യ സംഘങ്ങൾ തന്നെ ഈ ഗ്രാമത്തിൽ കാലുകുത്തിയിട്ടുണ്ട്. പോർച്ചുഗൽ വരവിന്റെ ചരിത്രാവശിഷ്ടമായ ‘കാക്കാത്തിക്കുരിശ്’ ഇന്നും നിലനിൽക്കുന്നു. പള്ളിക്കോടി ഭാഗത്തുള്ള സെന്റ് ജോസഫ് ദേവാലയം 1857 ൽ സ്ഥാപിതമായി.
നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര പ്രസലിദ്ധമായ ക്ഷേത്രമാണ് മേജർ ശ്രീ പനയ്ക്കറ്റോടിൽ ദേവീ ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ നിർമ്മാണ ചരിത്രം പോലും ഐതീഹ്യങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു.